മോർഫിങ് കേസ്: അധ്യാപകനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ സ്കൂളിലേക്ക്….

തൃശൂർ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച കേസിൽ നടപടി നേരിട്ട അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ. മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
അധ്യാപകർ നൽകിയ പരാതി അവഗണിച്ചാണ് അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മാനേജ്മെന്റ് നീക്കത്തിൽ പ്രതിഷേധിച്ച് മങ്ങാട് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം സ്കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ ധർണ എസ്എഫ്ഐ ഏരിയ സെക്രട്ടറി പ്രണവ് പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ. ബാബു അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് അക്ഷയ് അനിൽ, ഏരിയ വൈസ് പ്രസിഡന്റ് എം. അഖിനേഷ് എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥി നേതാക്കൾ സ്കൂൾ മാനേജ്മെന്റുമായി ചർച്ച നടത്തി. അധ്യാപകന് അനുകൂലമായി സ്കൂളിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.




