റെയിൽവേ മാതൃകയിൽ കെഎസ്ആർടിസിയിലും വെയിറ്റിങ് ലിസ്റ്റ് സംവിധാനവും പുതിയ…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്ന് പുതിയ പ്രഖ്യാപനങ്ങളുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസിയിൽ പ്രത്യേക ‘ടൂറിസം ഡിവിഷൻ’ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. കെഎസ്ആർടിസി ബസുകൾ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചു. ജലഗതാഗത വകുപ്പും കെ.എസ്.ആർ.ടി.സിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇനി നടപ്പിലാക്കുക. ജലഗതാഗത വകുപ്പ് സിയാലിൽ നിന്ന് വാടകയ്ക്ക് എടുത്ത സോളാർ ബോട്ടുകളിൽ സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിങ് ആരംഭിക്കും. കൂടാതെ, വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകാനുള്ള ചർച്ചകൾ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ട്രക്കുകൾ വാടകയ്ക്ക് എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button