വെങ്ങാനൂരിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ റോഡിലുടനീളം ചിതറിപ്പറന്ന് കറൻസി നോട്ടുകൾ; പരിഭ്രാന്തരായി…

വെങ്ങാനൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എസ്ബിഐ ബാങ്കിന് മുന്നിലായി സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റിട്ടയേർഡ് എഎസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റത്. വെണ്ണിയൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ പ്രഭാകരൻ നായർ, ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. പ്രഭാകരൻ നായരുടെ തലയ്ക്ക് ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ നാട്ടുകാർചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അപകടത്തിനിടെ റോഡിലുടനീളം കറൻസി നോട്ടുകൾ ചിതരിപ്പറക്കുന്നതുകണ്ട നാട്ടുകാർ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ഈ നോട്ടുകളെല്ലാം ഇവർ ശേഖരിക്കുകയും, പോലീസിന് കൈമാറുകയും ചെയ്തു. വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വിൽപ്പന കേന്ദ്രവും നടത്തുന്ന പ്രഭാകരൻ നായർ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണത്. ഇത് ശേഖരിച്ച് പോലീസിന് നൽകിയാണ് നാട്ടുകാർ മാതൃകയായത്. നാട്ടുകാരുടെ പ്രവർത്തിയെ പോലീസ് അഭിനന്ദിച്ചു. അതേസമയം അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



