‘ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ’; വിഡി സതീശനെതിരെ

കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പെട്ടെന്നുള്ള പ്രഖ്യാപനം കേന്ദ്ര സർക്കാരിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നത് ആണ് കേരളത്തിലെ സർക്കാർ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്റിൽ ലേബർ സ്‌റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണ്ണമായും കോർപറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.



