പ്രതിപക്ഷത്ത് എതിർപ്പ്, അധികാരത്തിലെത്തിയപ്പോൾ തുടർച്ച… ലോക കേരളസഭയ്ക്ക് യുഡിഎഫ് സർക്കാരിന്റെ…

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ ലോക കേരളസഭയെ എതിർക്കുകയും പരിപാടി ബഹിഷ്കരിക്കുകയും ചെയ്ത യുഡിഎഫ് സർക്കാർ, അധികാരത്തിലെത്തിയതിന് പിന്നാലെ ലോക കേരളസഭ തുടരാൻ തീരുമാനം. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകി. ഭരണപരമായ ചിലവുകൾക്കായി രണ്ട് കോടി രൂപയും അനുവദിച്ചു. ലോക കേരളസഭയുമായി ബന്ധപ്പെട്ട് മുൻപ് യുഡിഎഫ് ഉയർത്തിയ പ്രധാന വിമർശനം ധൂർത്ത് ആരോപണമായിരുന്നു.
ഇതിന്റെ ഭാഗമായി ലോക കേരളസഭയുടെ വിവിധ പരിപാടികളിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നിരുന്നു. എന്നാൽ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടലും പ്രവാസികളെ അംഗീകരിക്കുന്നതിനുള്ള വേദികളും തുടരണമെന്ന നിലപാടാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ലോക കേരളസഭ തുടരാനുള്ള തീരുമാനത്തിൽ നിർണായകമായെന്നാണ് വിവരം. മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർത്ത യോഗത്തിലും ലോക കേരളസഭ തുടരുന്നതിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, നിലവിലെ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. പ്രവാസി സമൂഹവുമായി സംസ്ഥാന സർക്കാരിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി ലോക കേരളസഭയെ നിലനിർത്താനാണ് പുതിയ സർക്കാർ നീക്കം. അതേസമയം, മുൻപ് യുഡിഎഫ് ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നടത്തിപ്പിലും ചിലവുകളിലും എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.



