ആർഎസ്എസ് അജണ്ടയ്ക്ക് സർക്കാർ കീഴ്പ്പെടുന്നു… പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് കോൺഗ്രസ് സ്വഭാവമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, സർക്കാരിനെ പൂർണമായി വിലയിരുത്താൻ ഇപ്പോൾ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പിണറായി വിജയൻ വിമർശിച്ചു. കേന്ദ്ര സർക്കാർ എല്ലാം സൗജന്യമായി വാരിക്കോരി നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദാരിദ്ര്യവുമായി ബന്ധപ്പെട്ട വിവിധ കണക്കുകൾ ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും അദ്ദേഹം വിമർശിച്ചു. കേന്ദ്രം പ്രാഥമിക ചുമതലകൾ പോലും നിർവഹിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ നിയമതടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ നിയമോപദേശം. മതിയായ തെളിവുണ്ടെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നും, അല്ലെങ്കിൽ പ്രാഥമിക അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. അന്വേഷണം ഏത് രീതിയിൽ വേണമെന്നതിൽ സർക്കാർ തീരുമാനമെടുക്കും. വിജിലൻസോ പ്രത്യേക അന്വേഷണ സംഘമോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.



