കുടുംബവീട് ഒഴിയാത്തതിന് മാതൃസഹോദരിയെ ഓലമടൽ കൊണ്ട് മർദ്ദിച്ചു… 75കാരി…

കൊല്ലം: കുടുംബവീട് ഒഴിയാത്തതിന്റെ പേരിൽ മാതൃസഹോദരിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കടയ്ക്കൽ കുമ്മിൾ സ്വദേശിനി ലീല (75)യ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ലീല തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ലീലയുടെ സഹോദരിയുടെ മകൻ മധുവിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെ മദ്യപിച്ചെത്തിയ മധു വീടിന് മുന്നിലിരുന്ന ലീലക്കുനേരെ ഓലമടൽ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
തലയ്ക്കും ശരീരമാസകലവും മർദ്ദനമേറ്റ ലീലയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. വാരിയെല്ലിന് പൊട്ടലേറ്റ ലീല ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മധുവിന്റെ അമ്മയ്ക്കും മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു. മധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മധുവിന്റെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ചെത്തി മധു ലീല ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി. ഭാര്യയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസിലും മധു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.



