കിഴക്കൻ മേഖലയിൽ കനത്ത മഴ… രണ്ട് ജില്ലകളിൽ 3 മണിക്കൂർ ഓറഞ്ച് അലർട്ട്

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം ജില്ലകൾക്ക് പുറമെ കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്. കോട്ടയം കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലകളിലും പാലാ, ഭരണങ്ങാനം പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മഴയെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. മീനച്ചിലാറ്റിൽ വെള്ളം കലങ്ങിമറിഞ്ഞ നിലയിലാണ്. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടോയെന്നും സംശയമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.



