കരുനാഗപ്പള്ളിയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം… കാപ്പ പ്രതിയും…

കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പോലീസ് സംഘത്തിനൊപ്പം കാപ്പ പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്പിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. അടൂർ എസ്എച്ച്ഒ ജിനുവിനും മറ്റൊരു പോലീസുകാരനും ഒപ്പമാണ് കാപ്പ ചുമത്തപ്പെട്ട ക്രിമിനൽ കേസ് പ്രതിയും സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടൂർ സ്റ്റേഷനിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടുന്നതിനായാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്.

കരുനാഗപ്പള്ളി പോലീസിനെ അറിയിക്കാതെയായിരുന്നു അടൂർ പോലീസ് സംഘം നടപടി സ്വീകരിച്ചതെന്നാണ് ആരോപണം. പോലീസ് നടപടിയെ വീട്ടിലുണ്ടായിരുന്നവർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായതെന്നും തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പോലീസുകാരെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസിനെ ആക്രമിച്ചെന്ന കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെ പോലീസ് മർദിച്ചെന്നും ആരോപണമുണ്ട്. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെയാണ് നടപടി നടന്നതെന്നും ആക്ഷേപമുണ്ട്. കാപ്പ പ്രതിയെ പോലീസ് സംഘത്തിനൊപ്പം കൊണ്ടുപോയതും കരുനാഗപ്പള്ളി പോലീസിനെ അറിയിക്കാതെയുള്ള നടപടിയും സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.

Related Articles

Back to top button