കലാലയ രാഷ്ട്രീയ വിവാദം തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം… മന്ത്രി

കൊച്ചി: കേരള സർവകലാശാലയിലെ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കരട് മാർഗനിർദേശം വിവാദമായതിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ‘കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന’ രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ പുറത്തുവന്നിരിക്കുന്നത് അന്തിമ തീരുമാനമല്ലെന്നും കരട് രേഖ മാത്രമാണെന്നും സർവകലാശാല അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. വിദ്യാർഥി സംഘടനകൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായം തേടുകയും തുടർന്ന് ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്ത ശേഷമേ ഇത് സർവകലാശാലയുടെ ഔദ്യോഗിക മാർഗനിർദേശമായി മാറുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പുറത്തുവന്ന കരടിൽ ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനം, സമരങ്ങൾ, ധർണ, ഉപരോധം, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, ഓൺലൈൻ രാഷ്ട്രീയ പ്രചാരണം തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ നിർദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ നിലവിൽ നടപ്പാക്കിയിട്ടില്ലെന്നും അന്തിമ ചട്ടം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയത്തിൽ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.



