ഹെലികോപ്റ്റർ കരാർ അവസാനിച്ചു… സർക്കാരിന് ഇനി സേവനമില്ല

തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്റർ സേവനം ഇനി തുടരുമോ എന്നതിൽ അനിശ്ചിതത്വം. കരാർ നീട്ടണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ളപ്പോൾ മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള നിർദേശമാണ് ചിപ്സൺ ഏവിയേഷൻ മുന്നോട്ടുവെച്ചതെന്നാണ് വിവരം.
നിലവിലെ കരാർ പ്രകാരം പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ചിലവ്. കരാർ വ്യവസ്ഥകളിൽ 25 മണിക്കൂറിന് ശേഷമുള്ള അധിക പറക്കലിന് മണിക്കൂറിന് 90,000 രൂപ നിരക്കുമുണ്ടായിരുന്നു. പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, അടിയന്തര സാഹചര്യങ്ങൾ, പൊലീസ് നിരീക്ഷണം, അവയവദാനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചുവരികയായിരുന്നു. നിലവിലെ കരാർ അതേ നിരക്കിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടണമെന്ന് പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ആരംഭിച്ചത്. അന്ന് ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു. ആദ്യം പവൻ ഹാൻസുമായാണ് കരാറിലേർപ്പെട്ടത്. പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ നിലവിൽ വന്നു.



