കരുവാറ്റയിൽ വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ തീവണ്ടി തട്ടി രണ്ടുപേർക്ക്…

ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ തീവണ്ടി തട്ടി രണ്ടുപേർ മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45ഓടെ കരുവാറ്റയിൽ തീരദേശ റെയിൽവേ പാതയിലാണ് അപകടം. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും പേർ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടി ഇരുവരും അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തി. എന്നാൽ മറ്റാരും അപകടത്തിൽപ്പെട്ടതായി കണ്ടെത്താനായില്ല.

Related Articles

Back to top button