കരമനയിൽ 55കാരന്റെ മരണം കൊലപാതകം… ഒപ്പം താമസിച്ചിരുന്നയാൾ…

തിരുവനന്തപുരം: കരമനയിൽ 55കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്രീകണ്ഠൻ നായരുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠൻ നായർക്കൊപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായത്. കരമന സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കിന് സമീപത്തുനിന്ന് രൂപക്കിനെ കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

Related Articles

Back to top button