മൂന്ന് വിദ്യാർഥികളുമായി അമിതവേഗത്തിൽ ബൈക്ക്… ഇടിച്ചുതെറിപ്പിച്ച വയോധികന്…

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളായ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സ്വദേശി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടെയാണ് സംഭവം. സ്കൂളിൽനിന്ന് ബൈക്കിൽ അമിതവേഗത്തിലെത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരത്തേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ കടന്നുപോയതായാണ് വിവരം. മൂന്ന് പേരുണ്ടായിരുന്ന ബൈക്കിൽനിന്ന് ഒരാൾ അപകടസ്ഥലത്ത് തന്നെ തെറിച്ചുവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



