മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം… രാജു പി. നായർ പൊലീസിന് മൊഴി നൽകി

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ ആരോപണത്തിൽ പരാതിക്കാരനായ കെപിസിസി വക്താവ് രാജു പി. നായർ പൊലീസിന് മൊഴി നൽകി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. രാജു പി. നായരുടെ പരാതിയിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആകെ മൂന്ന് പേർക്കെതിരെയാണ് കേസ്.
മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് രാജു പി. നായരുടെ ആരോപണം. റിപ്പോർട്ടർ ടിവിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോഴും ആന്റോ അഗസ്റ്റിൻ ആരോപണം ആവർത്തിച്ചെന്നും ഇതിന് പിന്നിൽ ബ്ലാക്ക്മെയിൽ തന്ത്രമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മെസ്സി വിവാദം, മുട്ടിൽ മരംമുറി, റിപ്പോർട്ടർ ചാനൽ വിൽപ്പന തുടങ്ങിയ വിഷയങ്ങളിലും വിശദമായ അന്വേഷണം വേണമെന്ന് രാജു പി. നായർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ഏത് ശക്തിയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
എം.വി. നികേഷ് കുമാറിനെതിരെയും അന്വേഷണം വേണമെന്നാണ് രാജു പി. നായരുടെ ആവശ്യം. സിപിഐഎമ്മിന്റെ കള്ളപ്പണം റിപ്പോർട്ടർ ചാനലിലെത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ഐസക് ആന്റോ അഗസ്റ്റിനെ ന്യായീകരിക്കുന്നതിനെക്കുറിച്ചും രാജു പി. നായർ ചോദ്യമുയർത്തി. അതേസമയം, ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ നേരത്തെയുള്ള അവകാശവാദം. പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



