തൊണ്ടിമുതൽ മോഷണം… ഒൻപതാം ദിവസവും സബിത്തിനെ പിടികൂടാതെ പൊലീസ്

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണക്കേസിൽ ഒൻപതാം ദിവസവും പ്രതിയെ പിടികൂടാതെ പൊലീസ്. നിരോധിത പുകയില ഉത്പന്നമായ ഹാൻസ് കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഇപ്പോഴും ഒളിവിലാണ്. സബിത്തിന് പൊലീസ് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാത്തതിനെതിരെ വിമർശനവും ശക്തമാണ്.

ഒളിവിൽ കഴിയുന്നതിനിടെ സബിത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്നാണ് പൊലീസിന്റെ വിശദീകരണം. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ കാണാതായ വിവരം കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ച് സ്റ്റോർ റൂം തുറന്നാണ് മോഷണം നടത്തിയതെന്നതിനാൽ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ അന്വേഷണം. ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് കടത്തിയതെന്നാണ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പ്രതിയിലേക്ക് എത്താൻ നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കടത്തിയെന്ന സംഭവം സേനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

Related Articles

Back to top button