മാസപ്പടി കേസിൽ സർക്കാരിന് ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടൂ…

പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ കുടുങ്ങുക സർക്കാർ തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതിനർത്ഥം പിണറായി വിജയൻ കുറ്റക്കാരനല്ലെന്നാണ്. എഫ്ഐആർ ഇട്ടാൽ ചെന്നിത്തലയും കൂട്ടരുമാണ് കുടുങ്ങുകയെന്നും എ.കെ. ബാലൻ അവകാശപ്പെട്ടു. കേസിൽ എഫ്ഐആർ ഇടാൻ തങ്ങൾ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നേരത്തെ പൂർത്തിയായതാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി. ആര് വിചാരിച്ചാലും പിണറായി വിജയനെയും കുടുംബത്തെയും തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്നും വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, പി. ജയരാജനെയും എം.ബി. രാജേഷിനെയും സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചർച്ചകളിലും എ.കെ. ബാലൻ പ്രതികരിച്ചു. തീരുമാനം വൈകിയിട്ടില്ലെന്നും എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



