റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്ങിൽ വൻ നികുതി വെട്ടിപ്പ്….

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് സേവന മേഖലയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സെപ്റ്റംബർ 16ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രാഥമികമായി കണ്ടെത്തിയത്.
റെയിൽവേ പരിസരങ്ങളിൽ പാർക്കിങ് സേവനം നൽകുന്ന 22 നികുതിദായകരുടെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ 69 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റിട്ടേണുകളിൽ രേഖപ്പെടുത്തിയ വിറ്റുവരവും യഥാർഥ പാർക്കിങ് സേവനങ്ങളിൽ നിന്നുള്ള വരുമാനവും തമ്മിൽ വലിയ വ്യത്യാസമുള്ളതായി പരിശോധനയിൽ കണ്ടെത്തി. വിവിധ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും ഇതിന് ആനുപാതികമായി 7.56 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുമാണ് കണ്ടെത്തിയത്. 13 നികുതിദായകരുടെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഫ്റ്റ്‌വെയറിൽനിന്നും മറ്റ് നികുതിദായകരുടെ രേഖകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽനിന്നും ശേഖരിച്ചിട്ടുണ്ട്.



