റിസോർട്ട് നടത്തിപ്പുകാരനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം… മൂന്ന് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ. കർണാടകയിലെ സത്യമംഗലം കാട്ടിൽനിന്നാണ് വെള്ളറട പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കർണാടക സ്വദേശികളായ മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഫിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് പിടിയിലായത്. കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാപ്രവർത്തനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇവർ പ്രതികളാണെന്ന് വെള്ളറട പൊലീസ് അറിയിച്ചു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ഗുണ്ടാനേതാക്കൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വാഹനങ്ങളിലായെത്തിയ സംഘമാണ് ശ്യാമിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ആദ്യ വാഹനത്തിലുണ്ടായിരുന്ന മൂന്നംഗ സംഘം തമിഴ്നാട്ടിലേക്ക് കടന്നു. ശ്യാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയതാണ് അന്വേഷണത്തിൽ നിർണായകമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട, ആര്യങ്കോട് പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് ചെമ്പൂരിൽ വാഹനം തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ അന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യമംഗലം കാട്ടിൽ ഒളിവിലായിരുന്ന മൂന്ന് പേരെ കൂടി പിടികൂടിയത്.

Related Articles

Back to top button