ഫിറ്റ്നസ് ഇല്ലാത്ത പൂക്കി കോളേജ് ബസ്സിനെ തൂക്കി മാവേലിക്കര എം.വി.ഡി… എഞ്ചിനീയറിങ് കോളേജ് ബസിന്റെ ഫിറ്റ്നസ്  റദ്ദാക്കി….

മാവേലിക്കര- അപകടകരമായ അവസ്ഥയിൽ കുട്ടികളുമായി പോയ എഞ്ചിനീയറിങ് കോളേജ് ബസിന്റെ ഫിറ്റ്നസ്  മാവേലിക്കര എം.വി.ഡി റദ്ദാക്കി. പത്തനംതിട്ടയിലെ ഒരു പ്രമുഖ എഞ്ചിനീയറിങ് കോളേജിന്റെ വാഹനത്തിനെതിരേയാണ്  നടപടി സ്വീകരിച്ചത്. കഴിഞ്ഞ അധ്യയന വർഷം മാവേലിക്കരയിൽ തുടങ്ങിയ രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.രക്ഷകർത്താക്കളിൽ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഓ എം.ജി മനോജ് കോളേജ് ബസ് പരിശോധിക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ അസി.മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ ഷെഫീസ്, ഷമീർ എന്നിവർ ചേർന്ന് വാഹനം പരിശോധിക്കുകയായിരുന്നു. കോളേജ് ബസിന്റെ  ടയറുകൾ എല്ലാം തേയ്മാനം സംഭവിച്ച നിലയിൽ ആണെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഡീസൽ ടാങ്കിലേക്കുള്ള  പൈപ്പ് ദ്രവിച്ച് ചോർച്ച ഉള്ളതായും കണ്ടെത്തി. വാഹനത്തിൽ ഫയർ എസ്ടിംഗുഷർ,  ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ഇല്ലായിരുന്നു. വാഹനത്തിലെ മുൻവശത്തെ ഗ്ലാസ് പോട്ടിയത് ഒട്ടിച്ച് വെച്ച നിലയിലായിരുന്നു. സൈഡ് ഗ്ലാസുകൾ എല്ലാം ഇളക്കി മാറ്റിയ അവസ്ഥയിലും വണ്ടിയുടെ ബോഡി തുരുമ്പിച്ച നിലിയിലുമായിരുന്നു. ഇതിനെത്തുടർന്നാണ് വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷ സ്വയം ഉറപ്പാക്കുന്നതിനായുള്ള ഈ പദ്ധതിയിൽ പത്തിലേറെ സ്കൂൾ കോളേജ് വാഹനങ്ങൾ ഇതിനോടകം പിടികൂടി നടപടി എടുത്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി, കഴിഞ്ഞ അധ്യയന വർഷം നടപ്പിലാക്കപ്പെട്ട ഈ പദ്ധതിയുടെ വിജയകരമായ മുന്നേറ്റം മാവേലിക്കര മോട്ടോർ വാഹന വകുപ്പിന്റെ അഭിമാന നേട്ടം കൂടിയാണ്. എഞ്ചിനീയറിങ് കോളേജിനേ്റെ വാഹനം പണികൾ തീർത്ത് നിരത്തിന് അനുയോജ്യമാക്കിയ ശേഷം മാത്രമേ ഫിറ്റ്നസ് നൽകുകയുള്ളൂവെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഓ എം.ജി മനോജ് അറിയിച്ചു.

Related Articles

Back to top button