50 പവനിലേറെ സ്വർണം, പണവും…. റിയാസിന്റെ സുഹൃത്തിന്റെ ലോക്കർ സീൽ ചെയ്ത്…

കോഴിക്കോട്: വിവാദങ്ങൾക്കിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു. ഇന്നലെ കോഴിക്കോട്ട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കർ ഇഡി സീൽ ചെയ്തു. ലോക്കറിൽ 50 പവനിലേറെ സ്വർണവും പണവും ഉണ്ടായിരുന്നതായാണ് വിവരം.
ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇഡി വിവരങ്ങൾ തേടി. സ്വർണം സഹോദരിയുടേതാണെന്നാണ് ഫെബീഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ സൂചനയായാണ് നിലവിലെ നടപടികളെ വിലയിരുത്തുന്നത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇഡി. പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിന് എഫ്ഐആർ നിർബന്ധമല്ലെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നാണ് സൂചന.



