വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം…. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം…

തിരുവനന്തപുരം: ഉയർന്ന നിരക്കിൽ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാൻ സർക്കാർ. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്കും സംസ്ഥാന സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. യൂണിറ്റിന് പത്ത് രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നത്. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങിച്ച് പ്രതിസന്ധി പരിഹരിക്കുന്നതും പരിഗണിച്ചിരുന്നു.

അതേസമയം, കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് കെഎസ്ഇബിക്ക് നേരിയ ആശ്വാസമായി. ഇന്നലെ രാത്രി മുതലാണ് അധിക വൈദ്യുതി ലഭ്യമായത്. ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യത തുടരും. 120 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ നിരന്തരം സമീപിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ കത്ത് പരിഗണിച്ചാണ് 150 മെഗാവാട്ട് വൈദ്യുതി അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചത്. കേന്ദ്രത്തിൽ നിന്ന് അധിക വൈദ്യുതി ലഭ്യമായതോടെ ഉയർന്ന നിരക്കിൽ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. കെഎസ്ഇബി തീരുമാനം എടുത്ത ശേഷം സർക്കാരിനെ അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button