‘ചലാൻ അടയ്ക്കാൻ’ വാട്സാപ്പിൽ സന്ദേശമെത്തിയോ?…. മുന്നറിയിപ്പുമായി MVD

തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകാർ ഒരുക്കുന്ന കെണിയിൽപ്പെടാതിരിക്കാൻ പിഴ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹനത്തിന് ചലാൻ ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക eChallan പോർട്ടൽ മാത്രം ഉപയോഗിക്കണം.
വാഹന നമ്പറോ ചലാൻ നമ്പറോ നൽകി രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്ത ചലാനാണെങ്കിലും വിശദാംശങ്ങൾ പരിശോധിക്കാനും ഓൺലൈനായി പിഴ അടയ്ക്കാനും സാധിക്കും. ഔദ്യോഗിക eChallan പോർട്ടൽ വ്യാജ വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വാട്സാപ്പിലൂടെയോ മറ്റ് സന്ദേശങ്ങളിലൂടെയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. പ്രത്യേകിച്ച് APK ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കണം. ഇത്തരം വ്യാജ ചലാൻ സന്ദേശങ്ങൾ വഴി വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർ ശ്രമിക്കുന്നതായി മുന്നറിയിപ്പുണ്ട്. ഓൺലൈനായി പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളോ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങളോ വഴി പിഴ അടയ്ക്കാം.
കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണം. പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ വരുന്ന സംശയാസ്പദമായ സന്ദേശങ്ങളിൽ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, PIN തുടങ്ങിയവ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



