കേരളത്തിൽ ചൂട് കനക്കുന്നു…. ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം.
പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുകയും വേണം. പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സ്കൂളുകളിൽ ശുദ്ധജല ലഭ്യതയും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും ഉച്ചസമയത്തെ വിനോദസഞ്ചാര യാത്രകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാർ എന്നിവർക്ക് ഉച്ചസമയത്ത് ആവശ്യമായ വിശ്രമവും തണലും ഉറപ്പാക്കണം. കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും നിർദേശിച്ചിട്ടുണ്ട്. കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.



