അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന്….

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മാധ്യമങ്ങൾ കേസിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുവെന്നാണ് പ്രതികളുടെ പ്രധാന വാദം. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിൽ തങ്ങളെ പിന്തുടരുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഒക്ടോബറിൽ സാക്ഷിവിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ സാക്ഷിവിസ്താരത്തിലേക്ക് കടക്കുന്നത്. ഒക്ടോബർ 15ന് ആരംഭിച്ച് 17 ദിവസത്തിനകം സാക്ഷിവിസ്താരം പൂർത്തിയാക്കാനും ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കാനുമാണ് നേരത്തെ കോടതി സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. കേസിലെ ആദ്യ 16 പ്രതികൾക്കെതിരെയുള്ള വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജൂലൈയിൽ ഇവർ കോടതിയിൽ കുറ്റപത്രം വായിച്ചുകേട്ട ശേഷം കുറ്റം നിഷേധിച്ചിരുന്നു. കേസിൽ പ്രതികൾ മുഴുവനായി ഹാജരാകുന്നതുമായി ബന്ധപ്പെട്ടും നേരത്തെ കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. മാധ്യമ സാന്നിധ്യവും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി പ്രതികൾ മുൻപ് കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

Related Articles

Back to top button