പാകിസ്ഥാനെ ‘വൈറ്റ്വാഷ്’ ചെയ്ത് ഇംഗ്ലണ്ട്…ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മാറ്റം

പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം. എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് പോയിന്റ് ശരാശരി 38.54% ആയി ഉയർത്തിയെങ്കിലും ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം പരമ്പരയിലെ ദയനീയ തോൽവിയോടെ ഒൻപത് ടീമുകളുള്ള പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പാകിസ്ഥാന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി. പാകിസ്ഥാന്റെ പോയിന്റ് ശരാശരി 14.81% ആയി ഇടിഞ്ഞു.
അവസാന ഇന്നിംഗ്സിൽ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായിരുന്നു. മുഹമ്മദ് അബ്ബാസാണ് രണ്ട് പേരെയും പുറത്താക്കിയത്. എന്നാൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും (62*) ജോർദാൻ കോക്സിന്റെയും (59*) അർധ സെഞ്ചുറികളുടെ കരുത്തിൽ 25- ഓവറിൽ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.



