സീബ്രാ ലൈനിൽ ബസ് നിർത്തിയിട്ടു… മുന്നിലൂടെ കടന്ന വീട്ടമ്മയെ ട്രാവലർ…

കൊയിലാണ്ടി: അരിക്കുളം കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു. കുരുടിമുക്ക് ജങ്ഷനിൽ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീബ്രാ ലൈനിന് സമീപമായിരുന്നു അപകടം. സീബ്രാ ലൈനിൽ നിർത്തിയിട്ട സ്വകാര്യ ബസിനു മുന്നിലൂടെ സുബൈദ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മറുവശത്തുനിന്നെത്തിയ ട്രാവലർ ഇടിച്ചത്.

സീബ്രാ ലൈനിൽ സ്വകാര്യ ബസ് നിയമവിരുദ്ധമായി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ മുൻഗണന നൽകേണ്ട സീബ്രാ ലൈനിൽ ബസ് തടസ്സമായി നിർത്തിയതോടെ മറുവശത്തുനിന്ന് എത്തിയ ട്രാവലർ സുബൈദയുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ ട്രാവലർ സുബൈദയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓടിയെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അപകടത്തിന്റെ സാഹചര്യങ്ങളിലും തുടർ പരിശോധന നടക്കുകയാണ്.

Related Articles

Back to top button