എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; പുതിയ ടോപ്പ് അപ്പ് പ്ലാനിൽ

മൊബൈൽ റീചാർജിനൊപ്പം വിനോദസേവനങ്ങളും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി എയർടെൽ. യൂട്യൂബുമായി കൈകോർത്ത കമ്പനി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം സേവനങ്ങളും ലഭ്യമാക്കുന്നു. സിനിമകളും വെബ് സീരീസുകളും സംഗീതവും ഓൺലൈനിൽ ആസ്വദിക്കുന്നവർക്കായി അവതരിപ്പിച്ച ഈ നീക്കത്തിലൂടെ എയർടെലിന്റെ ഒടിടി ആനുകൂല്യങ്ങൾ കൂടുതൽ വിപുലമാകും.
യൂട്യൂബ് പ്രീമിയം ലഭിക്കുന്നതോടെ പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാനും മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും പശ്ചാത്തലത്തിൽ യൂട്യൂബ് പ്ലേ ചെയ്യാനും വീഡിയോകൾ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി കാണാനും സാധിക്കും. യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനവും ഇതിന്റെ ഭാഗമായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മൊബൈൽ റീചാർജിനൊപ്പം കൂടുതൽ വിനോദസൗകര്യങ്ങൾ നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
എയർടെല്ലിന്റെ 200 രൂപയുടെ ഒടിടി ടോപ്പ്അപ്പിലൂടെയാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. യൂട്യൂബ് പ്രീമിയത്തിന് പുറമെ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ5 പ്രീമിയം, സോണിലിവ് എന്നിവയുൾപ്പെടെ 18-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും 30 ജിബി അധിക ഡാറ്റയും പാക്കേജിൽ ഉൾപ്പെടുന്നു. നിലവിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ ടോപ്പ്അപ്പ് ലഭ്യമാണെന്നാണ് അറിയിപ്പ്.
ടോപ്പ്അപ്പ് റീചാർജ് ചെയ്ത ശേഷം എയർടെൽ ആപ്പ് തുറന്ന് ‘റിവാർഡ്സ് & ഒടിടികൾ’ (Rewards & OTTs) എന്ന വിഭാഗത്തിൽ പ്രവേശിക്കണം. അവിടെനിന്ന് യൂട്യൂബ് പ്രീമിയം ആനുകൂല്യം ക്ലെയിം ചെയ്യാം. ഓഫറിന്റെ ഭാഗമായി ലഭിക്കുന്ന യൂട്യൂബ് പ്രീമിയത്തിന് 28 ദിവസമാണ് വാലിഡിറ്റി. കാലാവധി അവസാനിക്കുമ്പോൾ വീണ്ടും ടോപ്പ്അപ്പ് ചെയ്ത് ആനുകൂല്യം പുതുക്കാം.
ഒറ്റ റീചാർജിലൂടെ അധിക ഡാറ്റയ്ക്കൊപ്പം വിവിധ ഒടിടി സേവനങ്ങളും പരസ്യരഹിത യൂട്യൂബ് അനുഭവവും ലഭ്യമാകുന്നത് സിനിമകളും വീഡിയോകളും സംഗീതവും പതിവായി ആസ്വദിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രയോജനകരമായേക്കും.




