18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം… കേന്ദ്രത്തിന്..

ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയോ പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരുകയോ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതം ഉറപ്പാക്കണമെന്നും ഇതിനൊപ്പം e-KYC ഉൾപ്പെടെയുള്ള പ്രായ-വ്യക്തിത്വ സ്ഥിരീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിവിധ ഡിജിറ്റൽ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നാണ് ആവശ്യം.
കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം ലഭ്യമാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളും ശക്തമാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ അക്കൗണ്ടുകൾക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നതിനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിയുന്നതിനായാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങളും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് നിർണായകമായ നിയമനടപടികൾക്ക് ഈ ഹർജി വഴിയൊരുക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.
