എണ്ണവില കുതിക്കുന്നു… ഡീസൽ ലിറ്ററിന് 23…. പെട്രോളിന്…

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ ഇന്ത്യൻ എണ്ണ വിപണന കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ. നിലവിലെ സാഹചര്യത്തിൽ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 23 രൂപയും നഷ്ടത്തിലാണ് കമ്പനികൾ വിൽക്കുന്നതെന്നാണ് കണക്ക്. സെപ്റ്റംബർ മാസത്തെ ശരാശരി വില അടിസ്ഥാനമാക്കിയുള്ള കണക്കിലാണ് പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. പാചകവാതക സിലിണ്ടറുകൾക്കും നിലവിൽ ഏകദേശം 200 രൂപയുടെ അധികബാധ്യത കമ്പനികൾ നേരിടുന്നുണ്ട്.

ബ്രെന്റ് ക്രൂഡ് വില 100 ഡോളർ പിന്നിട്ടതോടെ ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റിന്റെ വില മറ്റ് ചെലവുകൾ ഉൾപ്പെടെ ശരാശരി 109 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ ബാരലിന് 70–75 ഡോളർ നിലവാരത്തിലായിരുന്ന എണ്ണവിലയാണ് ആറ് ആഴ്ചയ്ക്കുള്ളിലെ ഉയർന്ന നിരക്കിലെത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതാണ് വിലവർധനവിന് പ്രധാന കാരണങ്ങളിലൊന്ന്. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെ ഇത് ബാധിച്ചേക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. ആഗോള ശേഖരം കുറയുന്നതിനിടെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ എണ്ണ വാങ്ങിക്കൂട്ടുന്നതും വില ഇനിയും ഉയരാൻ കാരണമാകാം. അന്താരാഷ്ട്ര വില ഉയർന്നതോടെ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബില്ലിലും വലിയ വർധനയുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി ബിൽ 56.5 ശതമാനം ഉയർന്നതായാണ് കണക്ക്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ വലിയ മാറ്റമില്ലെങ്കിലും വില വർധിച്ചതാണ് രാജ്യത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നത്.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും പ്രകൃതിവാതക ആവശ്യകതയുടെ 50 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. റഷ്യ, ബ്രസീൽ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ക്രൂഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റിഫൈനറികൾ. പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കാതെ വിശ്വസനീയമായ പുതിയ വിതരണ സ്രോതസ്സുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ഉയർന്ന ഇറക്കുമതിച്ചെലവും രാജ്യത്തിന്റെ ഊർജ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. എണ്ണ വിപണന കമ്പനികൾ നേരിടുന്ന കനത്ത നഷ്ടം സാമ്പത്തിക നയങ്ങളിലും ഓഹരി വിപണിയിലും പ്രതിഫലിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാതെ എണ്ണവില 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിപ്പിക്കാൻ സർക്കാർ സമ്മർദത്തിലാകാനുള്ള സാധ്യതയും ഉയരുകയാണ്.

Related Articles

Back to top button