തൃക്കാക്കര മോർഫിങ് കേസ്… ‘മല്ലു പ്രീമിയം’ ഗ്രൂപ്പിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് പ്രതി സനീഷ് ആരംഭിച്ചെന്ന് കണ്ടെത്തിയ ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പിന്റെ വിവരങ്ങൾ തേടി ടെലഗ്രാമിന് എസ്ഐടി കത്ത് നൽകി. ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഗ്രൂപ്പിൽ നിരവധി അശ്ലീല ചിത്രങ്ങൾ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 11 അംഗങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. അംഗങ്ങൾ ഐഡന്റിറ്റി മറച്ചുവെച്ചാണ് ഗ്രൂപ്പിൽ ഇടപെട്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ സാധാരണ ചിത്രങ്ങൾ ആദ്യം വ്യക്തികൾക്ക് അയച്ചുനൽകുകയും പിന്നീട് അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെടുന്നവർക്ക് പണം നൽകി ഗ്രൂപ്പിൽ ചേരാൻ അവസരം നൽകുകയും ചെയ്ത രീതിയാണ് സനീഷ് പിന്തുടർന്നിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗ്രൂപ്പിൽ അംഗമാകാൻ 250 രൂപ ഈടാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ‘മല്ലു പ്രീമിയം’ എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചിട്ട് അധികനാളായിട്ടില്ലെന്നാണ് പ്രതി സനീഷ് പോലീസിന് നൽകിയ മൊഴി. ഗ്രൂപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടെലഗ്രാമിൽ നിന്ന് ലഭിക്കുന്നതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് എസ്ഐടിയുടെ നീക്കം.

അതേസമയം, കസ്റ്റഡിയിലുള്ള ശ്രീഹരിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. ശ്രീഹരിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ അപേക്ഷ നൽകും. കേസിൽ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്ന് പേരിൽ കൂടുതലുള്ളവർ പോലീസ് നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button