ചെട്ടികുളങ്ങരയിൽ വാഹനാപകടം , വിദ്യാർത്ഥി മരിച്ചു

മാവേലിക്കര: കോളേജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി പി. പരമേശ്വർ (18) ആണ് മരിച്ചത്.

കായംകുളം – തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജം​ഗ്ഷന് സമീപം ബുധനാഴ്ച രാവിലെ 8.20ഓടെയായിരുന്നു അപകടം. ചെട്ടികുളങ്ങര ഭാഗത്തുനിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പരമേശ്വർ, കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം അതീവ ശക്തമായിരുന്നു. പരമേശ്വർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ തെറിച്ചുപോയ സ്കൂട്ടർ റോഡിലൂടെ പിന്നാലെ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ഇതോടെ ബൈക്ക് യാത്രികനും അപകടത്തിൽപ്പെട്ടു.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിനാണ് പരിക്കേറ്റത്. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനായ സന്തോഷിനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ആഘാതത്തിൽ പ്രദേശത്തും വലിയ ഞെട്ടലാണ് ഉണ്ടായത്. കോളേജിലേക്ക് പോകുകയായിരുന്ന യുവാവിന്റെ ജീവനാണ് നിമിഷങ്ങൾക്കുള്ളിൽ പൊലിഞ്ഞത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനാണ് പരമേശ്വർ. പ്രസാദ് ബഹറൈനിൽ ജോലി ചെയ്യുകയാണ്. ഗൗരി പ്രിയയാണ് സഹോദരി.

Related Articles

Back to top button