കെപിസിസി അന്വേഷണ സമിതിക്ക് മുന്നിലെത്തി രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ കെപിസിസി അന്വേഷണ സമിതിക്ക് മുന്നിലെത്തി. അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസനെ കാണുന്നതിനായാണ് രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്തെത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചില്ല. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കാൻ എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് കെപിസിസി നിയോഗിച്ചിരിക്കുന്നത്. രമ്യ ഹരിദാസുമായി നേരിട്ട് സംസാരിച്ചശേഷം വിശദമായ റിപ്പോർട്ട് കെപിസിസി നേതൃത്വത്തിന് സമർപ്പിക്കുമെന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തിയ രമ്യ ഹരിദാസിനെ പ്രവർത്തകർ സ്വീകരിച്ചിരുന്നു. നിയമസഭാ കമ്മിറ്റി നടപടികൾക്ക് ശേഷം കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകുമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, രമ്യ ഹരിദാസിന്റെ ഓഫീസിലെത്തുമ്പോൾ പാളയം പ്രദീപ് ഒപ്പമുണ്ടായിരുന്നില്ല. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽ നിന്ന് രമ്യ ഹരിദാസ് പിന്നോട്ടുപോയതായാണ് വിവരം. ചിറയിൻകീഴ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പാളയം പ്രദീപിനെയും എസ്. സജാദിനെയും കെപിസിസി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതരമായ സംഘടനാ അച്ചടക്കലംഘനം നടന്നതായാണ് അന്വേഷണ സമിതി വിലയിരുത്തിയത്. അതേസമയം, രമ്യ ഹരിദാസിന്റെ അനുകൂലികൾ മാധ്യമങ്ങളോട് കയർത്തു. വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് രമ്യ ഹരിദാസ് തയ്യാറായില്ല.



