സവാള വില പിടിച്ചുനിർത്താൻ സർക്കാർ… കിലോയ്ക്ക്…

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 20 ടൺ സവാള കേരളത്തിലെത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലും 10 ടൺ തെക്കൻ കേരളത്തിലും വിതരണം ചെയ്യും. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള വിതരണം ചെയ്യുക. ഉടൻ തന്നെ സപ്ലൈകോ വഴിയും വിൽപ്പന ആരംഭിക്കും. വ്യാഴാഴ്ച 30 ടൺ സവാള കൂടി എത്തും.
എൻസിസിഎഫ് വഴി 100 ടൺ സവാള സംഭരിച്ച് ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 80 രൂപയോളം ഉണ്ടായിരുന്ന സവാള വില നിലവിൽ 65 മുതൽ 70 രൂപ വരെയാണ്. സർക്കാർ ഇടപെടലോടെ വില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. കാസർകോട് ജില്ലയിൽ ഹോർട്ടികോർപ്പിന്റെ മൊബൈൽ യൂണിറ്റുകൾ വഴിയും സവാള വിതരണം നടത്തും. പച്ചക്കറി നൽകിയ കർഷകർക്ക് അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി പണം നൽകിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും കെ.എസ്.ഡി.എം.എ വിജ്ഞാപനം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനത്തിനും സമഗ്ര വികസനത്തിനുമായി 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.



