‘പറഞ്ഞത് ഡിലീറ്റ് ചെയ്തിട്ടില്ല’… കാന്തപുരം പരാമർശത്തിൽ നിലപാടിൽ മാറ്റമില്ല….

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളെ വിളിച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നും പറഞ്ഞത് ഡിലീറ്റ് ചെയ്തുവെന്ന പ്രചാരണം തെറ്റാണെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്കിലെ വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലാണെന്നും സതീശൻ വിശദീകരിച്ചു. കാന്തപുരം എ.പി. വിഭാഗം നേതാക്കൾ തന്നെ കണ്ടത് അനുനയത്തിനല്ലെന്നും മൂന്ന് മാസം മുൻപ് നിശ്ചയിച്ച കൂടിക്കാഴ്ചയുടെ ഭാഗമായാണെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വന്ന വിമർശനത്തിൽ തനിക്ക് എതിർപ്പില്ലെന്നും അതിലെ ഭാഷയോടും എതിർപ്പില്ലെന്നും സതീശൻ പറഞ്ഞു. വിഷയത്തിൽ പൊതുസമൂഹം എല്ലാം വിലയിരുത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്ലാം വിലയിരുത്തുന്ന സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ താൻ ഇവിടെ ഇരിക്കുന്നത്’ എന്നും സതീശൻ കൂട്ടിച്ചേർത്തു. ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ വിഷയത്തിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിലും സതീശൻ പ്രതികരിക്കുമെന്നാണ് വിവരം.



