തോൽവിയുടെ അരിശം സമുദായ സംഘടനകളോട് തീർക്കരുത്…. സിപിഎമ്മിനെതിരെ…

കോഴിക്കോട്: കാന്തപുരം വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത എ.പി. സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ ലേഖനം. തിരഞ്ഞെടുപ്പ് തോൽവിയുടെ അരിശം പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും തീർക്കുന്നതിന് പകരം പാർട്ടി നേരിടുന്ന പ്രശ്നങ്ങൾക്ക് ചികിത്സ തേടുകയാണ് വേണ്ടതെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു.

ഇടതുപക്ഷത്തിന്റെ തോൽവി അണികൾ നൽകിയ ശിക്ഷ കൂടിയാണെന്നും ലേഖനത്തിൽ പറയുന്നു. കാന്തപുരം വിവാദത്തിൽ വിശദീകരണം നൽകിയിട്ടും വിമർശനം തുടരുന്നത് അരിശം തീർക്കുന്നതാണോയെന്ന സംശയവും ലേഖനം ഉയർത്തുന്നു. പത്ത് വർഷത്തോളമായി സിപിഎം സ്വീകരിച്ചുപോന്ന നിലപാടുകളിൽനിന്ന് വ്യത്യസ്തമായി ഈ വിഷയത്തിൽ അന്ധമായ വിമർശനമാണ് ഇപ്പോൾ നടക്കുന്നതെന്നും വിമർശനമുണ്ട്. കേരളത്തിൽ ഇടതുപക്ഷം അനിവാര്യമാണെന്ന് കരുതുന്നവരാണ് സുന്നി പ്രസ്ഥാനമെന്നും ലേഖനം വ്യക്തമാക്കുന്നു. എൽഡിഎഫ് ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടതെന്ന വിലയിരുത്തലില്ലെന്നും, പാർട്ടിക്കുള്ളിലെ അമർഷമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമായി പ്രകടമായതെന്നും ലേഖനത്തിൽ പറയുന്നു.

രണ്ടാം ഭരണത്തിൽ മുഖ്യമന്ത്രി മാറിയിരുന്നെങ്കിൽ പാർട്ടിക്കുള്ളിലെ പ്രതിഷേധം ഇത്ര ശക്തമാകുമായിരുന്നില്ലെന്നും ലേഖനം അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ രീതിയും പ്രകോപനത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയുടെ മാത്രം ഭീമൻ ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചതും മുന്നണി നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതുമെല്ലാം അണികൾക്കിടയിൽ ചർച്ചയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ‘രാജാവും പ്രജയും’ എന്ന രീതിയിലുള്ള ഭരണം ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രാദേശിക നേതാക്കൾ ഓർമിപ്പിച്ചിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു. കാന്തപുരം വിവാദത്തെച്ചൊല്ലി സിപിഎമ്മും സമസ്ത എ.പി. വിഭാഗവും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് സിറാജിലെ പുതിയ വിമർശനം.

Related Articles

Back to top button