ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല; പ്രചാരണം തെറ്റെന്ന് ഔദ്യോഗിക വിശദീകരണം

ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സം ഘടന. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും, സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
വലിയതും സങ്കീർണവുമായ ബഹിരാകാശ ദൗത്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾക്കൊപ്പം ഐഎസ്ആർഒയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ തുടരുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
സർക്കാർ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതിനായി ഇൻ-സ്പേസ് പ്രവർത്തിക്കും. ഐഎസ്ആർഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണ ചുമതല ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനായിരിക്കും. പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണി കൂടുതൽ വികസിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.



