തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രമ്യ ഹരിദാസ് എംഎൽഎ

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാദേശിക തർക്കങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് രമ്യ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പാനൽ മൂന്ന് വിഭാഗങ്ങളായി മത്സരിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് രമ്യ പറഞ്ഞു. തിരഞ്ഞെടുപ്പ് കൺവൻഷനിലും ഫോട്ടോ എടുക്കുന്നതിനുമായി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ഏതെങ്കിലും വിഭാഗത്തിന്റെ പക്ഷം പിടിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗമായ സജാദിന് തന്നോട് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
സജാദ് തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതോടെയാണ് വിഷയം സംസാരിച്ച് പരിഹരിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും രമ്യ വ്യക്തമാക്കി. ആദ്യം കോഴിക്കടയിൽവെച്ചാണ് സംസാരിച്ചത്. പിന്നീട് ചായകുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് സജാദ് തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്നും അവർ പറഞ്ഞു.



