അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ്, നിയന്ത്രണം വിട്ട് പാഞ്ഞെത്തിയത് കുമ്പളം ടോൾ പ്ലാസയിലേക്ക്, കോൺക്രീറ്റ് തൂണിൽ..

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തൂണിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. കുമ്പളം ടോൾ പ്ലാസയിൽ ആയിരുന്നു സംഭവം. ബസിലുണ്ടായിരുന്ന 23 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചേർത്തലയിൽ നിന്ന് അരൂർ, വൈറ്റില വഴി കലൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിനിടെ മീഡിയനിലേക്ക് കയറിയ ബസ് കോൺക്രീറ്റ് തൂണിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും ഗ്ലാസും പൂർണമായി തകർന്നു. 40ലധികം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ശക്തമായ ഇടിയെത്തുടർന്ന് ബസ് ഒരു വശത്തേക്ക് ചരിഞ്ഞതോടെ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. മുഖത്തിനും കൈകൾക്കുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 17 പേർ സ്ത്രീകളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരുടെയും പരിക്കുകൾ സാരമുള്ളതല്ല.

അപകടത്തിനു പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് മാറി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിനു കാരണമെന്ന് സംശയമുണ്ട്. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അമിത വേഗത്തിലെത്തുന്ന സ്വകാര്യ ബസുകൾ സംഭവസ്ഥലത്ത് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യു ഒഴിവാക്കാൻ പെട്ടെന്ന് വരികൾ മാറുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. ഇന്ന് അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. അപകടത്തെത്തുടർന്ന് മറ്റ് വരികളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. ടോൾ പ്ലാസയിലെ കോൺക്രീറ്റ് തൂണിൽ ബസ് ഇടിച്ചു നിന്നതിനാലും മറ്റ് വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.

Related Articles

Back to top button