അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം..

അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന ‘അമൃതംപൊടി’യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി.
കൂടാതെ പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല. രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.



