ലൈഫ് ഭവന പദ്ധതി: 69.68 ലക്ഷം മാത്രമല്ല… അറസ്റ്റിലായ ഗ്രാമസേവികയുടെ തട്ടിപ്പ് മൂന്ന് പഞ്ചായത്തുകളിലേക്ക്

പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ. റാണി ലക്ഷ്മി (37) കൂടുതൽ തട്ടിപ്പ് നടത്തിയതായി വിവരം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്ക് പുറമേ അരുവാപ്പുലം പഞ്ചായത്തിലും ക്രമക്കേട് നടന്നതായി പരിശോധനയിൽ വ്യക്തമായതായാണ് വിവരം. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.

ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് അറ്റകുറ്റപ്പണി, ശുചിമുറി നവീകരണം തുടങ്ങിയ പദ്ധതികളിലാണ് ക്രമക്കേട് നടന്നത്. ബന്ധുക്കളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കിയായിരുന്നു തട്ടിപ്പെന്നാണ് കണ്ടെത്തൽ. പദ്ധതികളുടെ ഗുണഭോക്താക്കളായി അർഹതയില്ലാത്തവരെ ഉൾപ്പെടുത്തിയതായും ആരോപണമുണ്ട്. തണ്ണിത്തോട് പഞ്ചായത്തിൽ രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പ് പഞ്ചായത്ത് അധികൃതരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ സീതത്തോട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് വൻ തുകയുടെ ക്രമക്കേട് പുറത്തുവന്നത്. അന്വേഷണം വ്യാപിപ്പിച്ചതോടെ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 12 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക വിവരം. എന്നാൽ പരിശോധന പൂർണമായി പൂർത്തിയായിട്ടില്ലാത്തതിനാൽ കൃത്യമായ തുക ഇപ്പോൾ വ്യക്തമല്ല. നിലവിൽ കണ്ടെത്തിയതിലും കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. തട്ടിപ്പ് സംബന്ധിച്ച പരാതികൾ ഉയർന്നതിനെ തുടർന്ന് തദ്ദേശ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗവും പരിശോധന നടത്തി.

ഇന്റേണൽ വിജിലൻസ് ഓഫിസർ വിനീതാ സോമന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. വിവിധ പഞ്ചായത്തുകളിലെ പദ്ധതികളുമായി ബന്ധപ്പെട്ട രേഖകളും ഗുണഭോക്തൃ പട്ടികയും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയായാൽ മാത്രമേ ആകെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. തണ്ണിത്തോട് പഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത റാണി ലക്ഷ്മിയെ കൊട്ടാരക്കര സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ പദ്ധതികളുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പരിശോധിക്കുന്നതോടൊപ്പം തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

Related Articles

Back to top button