ദോശ വൈകിയതിൽ ചായക്കട അടിച്ചുതകർത്തു… രണ്ട് പേർ…

ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ടെ ചായക്കട അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലുള്ള മനാഫ്–സീനത്ത് ദമ്പതികളുടെ ചായക്കടയിലാണ് കഴിഞ്ഞ ദിവസം രാവിലെ അക്രമമുണ്ടായത്.

ദോശ കിട്ടാൻ വൈകിയതിൽ പ്രകോപിതരായ പ്രതികൾ ഗ്ലാസ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കട അടിച്ചുതകർത്തെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിനിടെ കടയുടമകളായ സീനത്തിനും മനാഫിനും മർദ്ദനമേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും നേരത്തെയും ഇവർ കടയിൽ ശല്യമുണ്ടാക്കിയിരുന്നതായും സീനത്ത് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും സംഘർഷമുണ്ടായി. പൊലീസ് നടപടിക്കിടെ മറിഞ്ഞുവീണ അജിയുടെ തലയ്ക്ക് പരുക്കേറ്റു. തുടർന്ന് അജിയെ താലൂക്ക് ആശുപത്രിയിൽ നിന്നും രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തതായി ശൂരനാട് പൊലീസ് അറിയിച്ചു.

Related Articles

Back to top button