മുണ്ടംവേലി പി ആന്റ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥ… ജിസിഡിഎയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ…

കൊച്ചി: മുണ്ടംവേലി പിആന്റ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ലൈഫ് മിഷനിൽ നിർമ്മിച്ച ഫ്ലാറ്റ് ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണുള്ളത്. ജിസിഡിഎ നിർമ്മിച്ച ഫ്ലാറ്റിനുള്ളിലേക്ക് ശൗചാലയത്തിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഒലിച്ചിറങ്ങുന്നതു കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാനാകുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് നിർദേശിച്ചിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഏകദേശം രണ്ട് വർഷത്തോളമായി ഫ്ലാറ്റ് ശോചനീയാവസ്ഥയിലാണെന്ന് താമസക്കാർ പറയുന്നു. 65ഓളം കുട്ടികളാണ് ഇവിടെയുള്ളത്. മഴ പെയ്താൽ മുകൾ നിലയിലെ ശൗചാലയങ്ങളിൽ നിന്നുള്ള മലിനവെള്ളവും മഴവെള്ളവും ചേർന്ന് താഴത്തെ നിലകളിലേക്ക് ഒലിച്ചിറങ്ങും. കുട്ടികളുടെ സ്‌കൂൾ ബാഗുകളിലേക്കും പുസ്തകങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും മലിനജലം ഒലിച്ചിറങ്ങുന്നത് മൂലം വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.



