‘സ്ത്രീകളാണ് ഇന്ന് ഏറെ വേട്ടയാടപ്പെടുന്നത്’… കാന്തപുരത്തെ ന്യായീകരിച്ച്…

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച വിവാദ പരാമർശത്തെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷയാണെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കാന്തപുരം പണ്ഡിതോചിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അതിനപ്പുറം വിഷയത്തിൽ ഒന്നും പറയാനില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. സാമൂഹിക സാഹചര്യത്തെ പരാമർശിച്ചുകൊണ്ടോ സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടോ ആയിരിക്കാം അദ്ദേഹം അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും വ്യക്തമാക്കി. കാന്തപുരം ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഉണ്ടാകണമെന്ന നിലയിലായിരിക്കാം കാന്തപുരം അഭിപ്രായം പറഞ്ഞതെന്നും അച്ചടക്കം മതത്തിന്റെ ഭാഗമാണെന്നും മുനവ്വറലി പറഞ്ഞു. സ്ത്രീകളുടെ ഉയർച്ചയ്ക്കും ശാക്തീകരണത്തിനുമായി എല്ലാ സംഘടനകളും പ്രവർത്തിക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മതപണ്ഡിതരുടെ അഭിപ്രായങ്ങളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകുമെന്നും ഒരു ജനാധിപത്യ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുനവ്വറലി പറഞ്ഞു. അതിനാൽ വിഷയത്തെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വിശ്വാസങ്ങളും മതങ്ങളും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മതത്തിന്റെ നിർദേശങ്ങൾ നൽകുന്നത് പണ്ഡിതരുടെ ഉത്തരവാദിത്വമാണെന്നും മുനവ്വറലി പറഞ്ഞു. ആ ഉത്തരവാദിത്വം നിർവഹിക്കുകയാണ് കാന്തപുരം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button