അഭിഭാഷകനെതിരായ വിരോധം.. വീട്ടിലുണ്ടായിരുന്ന പിതാവിന് ക്രൂര മർദനം… ഒടുവിൽ….

കൊച്ചി: ഞാറയ്ക്കലിൽ വീടുകയറി ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിഭാഷകന്റെ അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു. വൈപ്പിൻ സ്വദേശി മോഹൻദാസാണ് മരിച്ചത്. ആക്രമണത്തിൽ കിഡ്‌നിക്കും പാൻക്രിയാസിനും കുത്തേറ്റ മോഹൻദാസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ആഗസ്റ്റ് 13നാണ് ഞാറയ്ക്കലിൽ വീടുകയറി ആക്രമണമുണ്ടായത്.
അഭിഭാഷകനായ ഡോൾഗോയെ അന്വേഷിച്ചെത്തിയ സംഘമാണ് വീട്ടിലുണ്ടായിരുന്ന പിതാവ് മോഹൻദാസിനെ ആക്രമിച്ചത്. ഡോൾഗോ ഏറ്റെടുത്ത ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഞാറയ്ക്കൽ സ്വദേശികളായ ഡാസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മോഹൻദാസിന്റെ മരണത്തോടെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.



