മലപ്പുറത്ത് സബ് ആർ.ടി ഓഫീസുകളിൽ വ്യാജ ലൈസൻസ് തട്ടിപ്പ്

മലപ്പുറം ജില്ലയിലെ സബ് ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമ്മിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്. സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും മുൻപ് ലൈസൻസ് റദ്ദാക്കപ്പെട്ടവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് ഉണ്ടാക്കി നൽകിയെന്നാണ് കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നും ഏതൊക്കെ ഏജൻസികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വിജിലൻസ് സംഘം വിശദമായി പരിശോധിക്കും. വരുന്ന ദിവസങ്ങളിൽ ബന്ധപ്പെട്ട ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.




