വഴിയരികിൽ നിർത്തിയിട്ട ഓട്ടോ കാണാതായി… സിസിടിവി നോക്കിയപ്പോൾ ഞെട്ടി

കോഴിക്കോട്: താമരശ്ശേരിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റി കടത്തിക്കൊണ്ടുപോയി ആക്രിയായി വിറ്റു. ചുങ്കം കയ്യേലിക്കുന്നുമ്മൽ ഫൈസലിന്റെ ഗുഡ്‌സ് ഓട്ടോയാണ് മോഷണം പോയത്. വഴിയരികിൽ പഴക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് അപ്രത്യക്ഷമായത്. കച്ചവട സ്ഥലത്തുനിന്ന് വാഹനം കാണാതായതോടെ ഫൈസൽ നടത്തിയ തിരച്ചിലിലാണ് മോഷണവിവരം പുറത്തായത്.

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗുഡ്‌സ് ഓട്ടോ ക്രെയിനിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടതോടെ വാഹനം ആക്രിയായി മറ്റൊരാൾക്ക് 10,000 രൂപയ്ക്ക് വിറ്റതായി വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ വാഹനം മഞ്ചേരി ഭാഗത്തേക്ക് കടത്തിയതായി കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ ഫൈസൽ മോഷ്ടാക്കളെയും വാഹനം കടത്താൻ ഉപയോഗിച്ച ക്രെയിനും കണ്ടെത്തി പിടികൂടി. തുടർന്ന് ഇവരെ താമരശ്ശേരി പൊലീസിന് കൈമാറി. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button