67കാരിയെ കാണാതായിട്ട് ഒരു മാസം… അന്വേഷണം ഇരുട്ടിൽ.. കൊച്ചുമകന്റെ മരണത്തിലും…

സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിന് തുമ്പില്ല. വയോധികയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ കൊച്ചുമകനായ സുധീഷിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്.

പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് സുധീഷിനെ കാണാതായത്. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ സമീപത്തെ വനത്തിൽ സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ തങ്കി മൊരത്തിയുടെ തിരോധാനത്തിനൊപ്പം സുധീഷിന്റെ മരണത്തിലും ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് തങ്കി മൊരത്തിക്കായി തെരച്ചിൽ നടത്തിയത്. പൊലീസ് നായ, ഫോറൻസിക് സംഘം, ഡ്രോൺ എന്നിവയുടെ സഹായത്തോടെയും നേരിട്ടും പ്രദേശത്തും സമീപത്തെ വനമേഖലയിലും നിരവധി തവണ പരിശോധന നടത്തി. എന്നാൽ തങ്കി മൊരത്തിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ജൂലൈ 30 മുതലാണ് തങ്കി മൊരത്തിയെ ഊരിൽനിന്ന് കാണാതായത്. കുടുംബം സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പള്ളിവയലിലും സമീപത്തെ വനമേഖലയിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വടക്കനാട്-പള്ളിവയൽ പ്രദേശം വിട്ട് പുറത്തുപോകാത്തയാളാണ് തങ്കി മൊരത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മാസം പിന്നിട്ടിട്ടും വയോധികയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തങ്കി മൊരത്തിയുടെ തിരോധാനത്തിലും സുധീഷിന്റെ മരണത്തിലുമുള്ള ദുരൂഹത നീക്കി അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് പള്ളിവയലിൽ ശക്തമാകുന്നത്. വയോധിക എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനൊപ്പം സുധീഷിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും നീക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button