ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ… പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കൾ….

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഷീൽഡും ഹെൽമെറ്റും നശിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പി. സാജുദ്ദീൻ, നബീൽ നെടിയിരുപ്പ് എന്നിവരെ കോടതിയിൽ ഹാജരാക്കും.

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ്. ഷൗക്കത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്ന് ആരോപിച്ച് ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Related Articles

Back to top button