ഇഡ്ഡലിക്ക് സാമ്പാർ കൂടുതൽ നൽകിയില്ല… കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ….

കണ്ണൂർ: സാമ്പാർ കൂടുതൽ നൽകാത്തതിന്റെ പേരിൽ കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അതേ ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിക്കെതിരെ നടപടിയെടുത്തു. ഞായറാഴ്ച രാവിലെ 6.40ഓടെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിൽ സംഭവം.
പ്രഭാതഭക്ഷണമായി ഇഡ്ഡലി വിളമ്പുന്നതിനിടെ കൂടുതൽ സാമ്പാർ വേണമെന്ന് കിരൺരാജ് ഷെട്ടി ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യ അളവിൽ മാത്രമേ കറി നൽകാൻ പാടുള്ളൂവെന്നാണ് നിർദേശമെന്ന് ഭക്ഷണം വിളമ്പുകയായിരുന്ന രാമൻകുട്ടി അറിയിച്ചു. ഇതിൽ പ്രകോപിതനായ കിരൺരാജ് ഷെട്ടി രാമൻകുട്ടിയെ പിടിച്ചുതള്ളുകയും സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് നെറ്റിയിൽ കുത്തുകയുമായിരുന്നു. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



